ഇന്ത്യൻ താരം ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവൂ, ദേ, ഈ ഏഴു വയസ്സുകാരൻ കുട്ടിച്ചാത്തൻ. നാഷണൽ ക്രഷായി മാറിയ അത്ഭുത ഗായകൻ. മലയാളിയാണോ ഈ മാമ്പൂ കുഞ്ഞെന്ന് നമ്മളെ അതിശയപ്പെടുത്തുന്ന നെടുങ്കണ്ടക്കാരൻ.ഓരോ ആഴ്ചയിലും ഈ ഇത്തിരിക്കുഞ്ഞൻ നമ്മെ അമ്പരപ്പിക്കും.
ചിലപ്പോൾ അതിസാന്ദ്രമായ അനുഭവ ലോകത്തേക്ക്ചിലപ്പോൾ അനിർവജനീയമായ കുളിർമയിലേക്ക്ചിലപ്പോൾ അശാന്തതയെ ശാന്തമാക്കുന്ന രാഗസ്പർശത്തിലേക്ക്
ചിലപ്പോൾ വികാരങ്ങളെ വിമലീകരിക്കുന്ന വിശ്വാനുഭവത്തിലേക്ക്കാറ്റായി തിമിർത്തും കടലായി തകർത്തും ഗസലായി പെയ്‌തും നിറഞ്ഞു നിറഞ്ഞൊഴുകിയൊരു സൂഫി സംഗീതമാകുമവൻ.
കിഷോർ കുമാറിന്റെയും മുഹമ്മദ് റാഫിയുടെയും ക്ലാസിക്കുകളെ കൈവെള്ളയിൽ എന്നവണ്ണമെടുത്ത് നെഞ്ചിലേക്കിട്ടുതരും.
ആനന്ദ് ജിയെയും ഉദിത് നാരായണനെയും നേഹാ കാക്കറയും ശ്രേയഘോഷാലിനെയു മൊക്കെപോലെ നമ്മളും അത്ഭുതംകൂറി ഇതാ ഒരു ജീനിയസിന്റെ അത്ഭുതപ്പിറവിയെന്ന് മൂക്കത്ത് വിരൽ വയ്ക്കും.സൂപ്പർസ്റ്റാർ സിംഗർ വേദിയിലെ ജഡ്ജസും സദസ്സും ഒന്നടങ്കം എണീറ്റ് നിന്ന് ചിരിച്ച്,കൈയ്യടിച്ച്,കരഞ്ഞ്, കണ്ണ് കലങ്ങി അവനെ ആശ്ലേഷിക്കും.
ഒരാഴ്ച അവനെ ഫ്ലോറിൽ കണ്ടില്ലെങ്കിൽ സോണി ചാനലിന്റ്റ് ഓഫീസിലെ ഫോണിനും അവരുടെ മെയിലിനും വിശ്രമം ഉണ്ടാകില്ല.
നിവർത്തിയില്ലാതെ അവർ പറയും, ഇത്തിരി കുഞ്ഞന് കഴിഞ്ഞ ആഴ്ച പനിയായിരുന്നു.
ചിലപ്പോൾ കിടക്കയിലിരുന്ന് അവൻ പരിശീലനം നടത്തുന്ന വീഡിയോ അവരിടും.ചിലപ്പോൾ കിടക്കയിലിരുന്ന് അവൻ പരിശീലനം നടത്തുന്ന വീഡിയോ അവരിടും.
എത്ര കഠിന പരിശ്രമത്തിലൂടയാണ് അറിയാത്ത ഭാഷകളിലെ പാട്ടുകളോരോന്നും പഠിച്ചെടുക്കുന്നതെന്ന് അവൻ്റെ പരിശീലന വീഡിയോയിൽ നിന്നും നമുക്ക് വ്യക്തമാകും.
ഈ കഠിന പരിശീലനം ജനിച്ച് എട്ടാം മാസം മുതൽ അവൻ തുടങ്ങിയതാണ്. പൊന്നേ പോലത്തെ നെറ്റിയിൽ മഞ്ഞൾ വരക്കുറി ചാർത്തിയൊരു കുഞ്ഞേടത്തി അവനുണ്ട്.
കുഞ്ഞനുണ്ണിയെ മടിയിലിരുത്തീട്ട് മാറോടു ചേർത്തിട്ട് മണി മണി പോലെ പാട്ടുപാടി പഠിപ്പിച്ചിരുന്ന തെലുങ്ക് സരിഗമപായിലെ ഫൈനലിസ്റ്റ് ആയ പാട്ടുകാരി ചേച്ചി, അനിർവിന്യ.
ഊതിക്കാച്ചിയ പൊന്നുപോലെ അനിർവിന്യ എന്ന കുഞ്ഞു ചേച്ചിയും അച്ഛനമ്മമാരായ സജിമോനും സന്ധ്യയും അവനൊപ്പം ചേർന്നുനിന്ന് ജീവിക്കുന്നതിന്റെ റിസൾട്ട് കൂടിയാണ് ഈ വിസ്‌മയ കുഞ്ഞിനെ നമ്മൾക്ക് വിരുന്നായി കിട്ടിയത്.എല്ലാ കുട്ടികളും ഒരുപക്ഷേ ഇതുപോലെ പ്രതിഭകൾ തന്നെയായിരിക്കാം.പ്രായമായില്ലെന്നോ മറ്റൊരാൾ കണ്ടെത്തട്ടെയെന്നോ കരുതി നമ്മൾ നീട്ടിവയ്ക്കുമ്പോൾ ചിലപ്പോഴാ പ്രതിഭാ സ്പന്ദനങ്ങൾ മാഞ്ഞു പോകുന്നതായിരിക്കും.
പ്രിയപ്പെട്ട കുസൃതിക്കുരുന്നേ നിന്റെ പേരോ ചെല്ലപ്പേരോ ഞാൻ എഴുതുന്നില്ല.അല്ലാതെ തന്നെ നിന്നെ എല്ലാവരും മനസിലാക്കുമെന്ന് ഞാൻ കരുതുന്നു.
നിങ്ങൾക്കിതുവരെ അവനെ അറിയില്ലെങ്കിൽഒന്ന് കണ്ടുനോക്കു,ഒരുപക്ഷെ ഇന്നുമുതൽ നിങ്ങൾക്കും അവൻ പ്രിയപ്പെട്ടവനാകും.
പി എസ് ഉണ്ണികൃഷ്ണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
nouveauwwwbloggercomkerala.blogspot.com